നഗ്നയായ മാലാഖ

ഉടമ്പടി ഭാരമില്ലാത്ത ശൂന്യതയിലേക്ക് ഞാന്‍ അവളുടെ ശരീരമുയര്‍ത്തി..

അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ഞാന്‍ നക്ഷത്ര വെളിച്ചം കണ്ടു.

ആ ശൂന്യതയില്‍ അവളുടെ മാറിടത്തിന്റെ പിറകില്‍ നിന്നും  മുലമൊട്ടുകളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വലിയ ചിറകുകള്‍ മുളച്ചുയര്‍ന്നു.

അവള്‍ ചിത്രശലഭമായി..

നഗ്നയായ മാലാഖ. അവള്‍ പറന്നുയര്‍ന്നു.

ശൂന്യതയില്‍ ഞാന്‍ പൊഴിച്ച സംഗീതത്തില്‍ അവള്‍ നൃത്തം ചെയ്തുകൊണ്ടേയിരുന്നു…

മുകളിലെ ഇരുണ്ട ആകാശം അടര്‍ന്നു വീണുകൊണ്ടിരുന്നത് ഞങ്ങള്‍ അറിഞ്ഞില്ല.

ബലി

തള്ളവിരല്‍കൊണ്ടറ്റത്തുതട്ടി

ഭൂതകാലത്തിനു ഞാന്‍ എരിയുന്ന തുമ്പില്‍നിന്നും ബലിയിട്ടു.

കനലറ്റ ബലിപിണ്ഡങ്ങള്‍ കാലത്തിന്‍റെ കയങ്ങളിലേക്ക്

കവിത തുണ്ടുകള്‍തുപ്പി,

ബലിച്ചോറുണ്ണാന്‍ കാക്കകൂട്ടങ്ങളെ സാരധികളാക്കിയ

ഗന്ധര്‍വന്മാര്‍ സ്വപ്നത്തില്‍ പറന്നെത്തി.

അഗ്നിപ്രഭയുള്ള പത്മരാഗം കിരീടങ്ങളില്‍ ചൂടിയവര്‍.

ഉറക്കമുണര്‍ന്നപ്പോഴൊക്കെ നിരാശയില്‍ ഞാന്‍

സിഗരറ്റ് ചുണ്ടില്‍ തീവ്രമായി ചുംബിച്ചു

മറുവശത്ത് ചിത കൊളുത്തി.

പത്മരാഗം!

ബലികാക്കകളെ കാത്തു ഞാന്‍ വീണ്ടും

കൈകള്‍നനച്ചു കാത്തിരുന്നു

മോക്ഷംപ്രാപികാത്ത ഇന്നലെകള്‍ എട്ടുകാലികലായി ജനിച്ചു

ചുമരിലങ്ങിങ്ങായി വലകള്‍തീര്‍ത്തു

കടലിനു മുകളില്‍ ആകാശത്തിനു കീഴെ

അവളുടെ മുടിയിഴകള്‍ക്കിടയില്‍ എന്റെ വിരലുകള്‍ എന്തോ തിരഞ്ഞുകൊണ്ടിരുന്നു. അവളുടെ മുടിയിലെ മുഴുവനായും വറ്റാത്ത നനവില്‍ ഞാന്‍ കുതിര്‍ന്നു. അവളുടെ മാറിടത്തില്‍ തലവെച്ചു കഴുത്തില്‍ വിരലുകളോടിച്ചു… വടിവൊത്ത കഴുത്തില്‍ എന്റെ ചുണ്ടുകള്‍ അമരാതിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. എന്റെ ചുണ്ടുകളല്ല മെല്ലിച്ച കൈകളാണ് അവളുടെ ശരീരത്തെ മോന്തിയത്. മറ്റേതോ ലോകത്തില്‍ നിന്നും വന്നെന്നപോലെ അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എന്നെ ഭയപ്പെടുത്തുന്ന ദുര്‍ബലനാക്കുന്ന അസ്വസ്ഥമാക്കുന്ന അവളുടെ പുഞ്ചിരി. ആ പുഞ്ചിരിയില്‍ എന്നെയും കോര്‍ത്ത്‌ അകലെ ആകാശവും കടലും ചുംബിക്കുന്നതും നോക്കി നടുക്കടലില്‍ തിരകള്‍ക്കു മുകളില്‍ ഞങ്ങള്‍ ഉറങ്ങി. ഞങ്ങള്‍ അലക്ഷ്യമായി എങ്ങോട്ടൊ ഒഴുകികൊണ്ടേ ഇരുന്നു. ഇടയിലെപ്പഴോ അവള്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞു. ഞാന്‍ മൂളുക മാത്രം ചെയ്തു. അവളുടെ കൈമുട്ടുകള്‍ക്ക് മേലെ മാറിടത്തോട്‌ ചേര്‍ന്ന് മുഖം താഴ്ത്തി ഞാന്‍ കിടന്നു. എന്‍റെ ഉട്ടോപ്യന്‍ സ്വപ്നങ്ങളെ കേട്ടവള്‍ മങ്ങിയ വെളിച്ചത്തില്‍ സഹതാപത്തോടെ പൊട്ടിചിരിച്ചു. അവളുടെ മടിയില്‍ ഒരു കുട്ടിയെപോലെ കാലുകളെ ചേര്‍ത്ത് പിടിച്ചു നാഭിയില്‍ തല വച്ച് കിടപ്പോള്‍ പകുതിയിലധികം മദ്യം നിറച്ച ഒരു ചില്ലുകൂട്ടില്‍ മുകളില്‍ സ്വര്‍ണ്ണ പുക നിറച്ചു അതില്‍ മുങ്ങി താഴ്ന്നുള്ള എന്‍റെ മരണത്തിന്റെ സ്വപ്നം അവളോട്‌ പറഞ്ഞു. ജീവനു വേണ്ടി ചില്ലുകൂട്ടില്‍ ഞാന്‍ അലറുമ്പോള്‍ പ്രാണശ്വാസമായി എന്‍റെ ശ്വാസക്കുഴലിലൂടെ പുക ഒഴുകും. ഞാന്‍ ചത്തൊടുങ്ങും. എന്‍റെ മെലിഞ്ഞു നീണ്ട കൈകള്‍ക്ക് വഴങ്ങികൊണ്ടവള്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു. ദാഹത്തോടെ എന്‍റെ നാസകുഹരങ്ങള്‍ അവളുടെ വിയര്‍പ്പ് കുടിച്ചു. ഉന്മാദത്തിന്റെ ആകാശത്തില്‍ ഞാന്‍ പറവയായി, അവള്‍ ചിറകുകളും… ഞാന്‍ ഉയര്‍ന്നു പൊങ്ങി…